കേരള രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന നിർണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വലിയ തോതിലുള്ള തലമുറമാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയുടെ ഭാവി തന്ത്രങ്ങളെക്കുറിച്ച് സതീശൻ മനസ്സ് തുറന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ 50 ശതമാനം സീറ്റുകളും യുവാക്കൾക്കും സ്ത്രീകൾക്കുമായി മാറ്റിവെക്കുമെന്നതാണ് ഈ പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കോൺഗ്രസിന് നിലവിൽ വളരെ കരുത്തുറ്റ രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും അതുകൊണ്ടുതന്നെ ഈ മാറ്റം വളരെ സുഗമമായി നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെയും പ്രമുഖരായ നേതാക്കളുടെയും വലിയൊരു നിര തന്നെ കോൺഗ്രസിനുണ്ടെന്നത് സി.പി.എമ്മിൽ നിന്ന് കോൺഗ്രസിനെ വ്യത്യസ്തമാക്കുന്നുവെന്നും സതീശൻ അവകാശപ്പെട്ടു.
മുൻകാലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ കേരളത്തിലെ പല സീറ്റുകളും പാർട്ടിക്ക് നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ വീണ്ടും സമ്മർദ്ദം ചെലുത്തി സീറ്റ് വാങ്ങുന്നത് എൽ.ഡി.എഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണ അത്തരം പിഴവുകൾ ആവർത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
നാല് വർഷം മുൻപ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പാർട്ടി പദവികളിലും തിരഞ്ഞെടുപ്പുകളിലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നൽകണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ പലപ്പോഴും ഇത് പ്രായോഗികമായി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. ആ ഉദയ്പൂർ പ്രഖ്യാപനം കേരളത്തിൽ അക്ഷരംപ്രതി നടപ്പിലാക്കാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത് എന്ന വ്യക്തമായ സൂചനയാണ് സതീശന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.
