വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍. മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 2 ബില്യണ്‍ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വായിവെച്ചായിരുന്നു.

ബെന്യാമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമായതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് നല്‍കാറുള്ളുവെന്നാണ് നിര്‍മാതാക്കളായ എന്‍എസ്ഒ പറയുന്നത്. സുപ്രീം കോടതിയില്‍ ഉഉള്‍പ്പെടെ വിഷയം എത്തിയപ്പോഴും മോദി സര്‍ക്കാര്‍ സോഫ്റ്റ് വെയര്‍ വാങ്ങിയോ എന്ന് വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ ഇസ്രായേലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്നെ രണ്ട് മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, ഒരു ജഡ്ജിമാരും മാധ്യമ പ്രവര്‍ത്തകരെയും നിരീക്ഷിച്ചിരുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്. കൂടാതെ നാല്‍പത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം ഫോണുകള്‍ നിരീക്ഷിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യധാര മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യടുഡെ, നെറ്റ് വര്‍ക്ക് 18, ദ ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഏകദേശം 300 മൊബൈല്‍ ഫോണുകളാണ് ഇത്തരത്തില്‍ നിരീക്ഷിപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പെഗാസസ് പ്രോജക്ട് എന്ന പേരില്‍ വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, ലെ മൊണ്‍ഡേ, ദി വയര്‍ എന്നിവയുള്‍പ്പെടെ 17 മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണമാണ് ആഗോളതലത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച വെളിപ്പെടുത്തലിലേക്ക് നീങ്ങിയത്. പാരീസ് ആസ്ഥാനമായുള്ള ഫൊര്‍ബിഡന്‍ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിനും ചോര്‍ന്നുകിട്ടിയ 50,000 ഫോണ്‍ നമ്പറുകള്‍ കൂടുതല്‍ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഇന്ത്യ, യുഎഇ., ഹംഗറി, സൗദി അറേബ്യ, റുവാണ്‍ഡ, മൊറോക്കോ, മെക്‌സിക്കോ, കസാഖ്സ്താന്‍, ബഹ്റൈന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലുള്ളവരാണ് നിരീക്ഷിക്കപ്പെട്ടവരില്‍ അധികവും.

Leave a Reply

Your email address will not be published. Required fields are marked *