കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര സമാപിച്ചു. ശ്രീനഗറിലെ പന്ത ചൗക്ക് മുതൽ ലാൽ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര.ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് ഇന്നും യാത്രയുടെ ഭാഗമായത്.നാലര മാസം മുൻപ് കന്യാകുമാരിയിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.
സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികളുൾപ്പെടെ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവയുൾപ്പെടെ വിട്ടുനിൽക്കും.
