ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ ഇ ഡി ക്ക് മുന്നിൽ ഹാജരായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്.മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം ഇന്ന് രാവിലെ 11 മണിയോടെ പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും.
രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി ഓഫീസിലെത്തിയത്. ലാലുവിന്റെ വരവിന് മുന്നോടിയായി ആർജെഡി അനുയായികൾ ഇഡി ഓഫീസിൽ തടിച്ചുകൂടി. നിരവധി ആർജെഡി എംഎൽഎമാരും എത്തിയിരുന്നു. തുടർന്ന് ആർജെഡി പ്രവർത്തകർ ലാലുവിൻ്റെ കാർ വളയുകയും അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രവർത്തകരോട് സമാധാനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിയത്. ലാലുവിനെ ഇഡി സംഘം ചോദ്യം ചെയ്തുവരികയാണ്. ഇഡി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസിൽ ലാലു പ്രസാദിൻ്റെ മകൻ തേജസ്വി യാദവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാളെ ഹാജരാകണം എന്നാണ് തേജസ്വിക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇഡി സമൻസിനെതിരെ ലാലുവിൻ്റെ മകൾ മിസ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ‘ഇതിൽ പുതുമയില്ല, കേന്ദ്രത്തിന് തോന്നുമ്പോഴെല്ലാം അവർ സമൻസ് അയക്കാറുണ്ട്. നമ്മുടെ കുടുംബത്തിന് മാത്രമല്ല, പ്രതിപക്ഷ നേതാക്കൾക്ക് മുഴുവൻ സമൻസ് ലഭിക്കുന്നുണ്ട്’-മിസ പറഞ്ഞു.