
വഖഫ് നിയമഭേദഗതി ബില്‍ റിപ്പോര്‍ട്ട് സംയുക്ത സഭാസമിതി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറുമെന്ന് വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാന്‍ നിയോഗിച്ച സംയുക്ത സഭാസമിതി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ അറിയിച്ചു.
സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 14 ഭേദഗതികള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ഇന്ന് അംഗീകരിച്ചിരിക്കുന്നത്. 665 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാത്രിയാണ് പ്രതിപക്ഷാംഗങ്ങള്‍ക്ക് കൈമാറിയിരുന്നത്. അപ്പോള്‍തന്നെ പ്രതിപക്ഷം ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത്രയും നീണ്ട റിപ്പോര്‍ട്ട് രാവിലെയാകുമ്പോഴേക്ക് എങ്ങനെ പഠിക്കാനാകുമെന്നതടക്കം പ്രതിപക്ഷം വിമര്‍ശനമായി ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ അംഗങ്ങളെല്ലാംതന്നെ റിപ്പോര്‍ട്ടിനെതിരേ വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 16 വോട്ടുകള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. ഡി.എം.കെ.യില്‍ നിന്ന് എ. രാജ, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി തുടങ്ങിയവരെല്ലാം വിയോജനക്കുറിപ്പ് നല്‍കുകയും എതിരേ വോട്ടുചെയ്യുകയും ചെയ്തു.ഭേദഗതികളടങ്ങിയ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കലാണ് അടുത്ത നടപടിക്രമം. ജനുവരി 29-ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ച നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പുതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ തീരുമാനം.
