കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും ബിജെപിയും ലീഗിനൊപ്പമാണ്. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇത് തെളിയിക്കുന്നു. കച്ചവടം ഉറപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് ലീഗിന്റെ ഗുണത്തിനോ യുഡിഎഫിന്റെ ഗുണത്തിനോ അല്ല, ആത്യന്തികമായി അവരുടെ ഗുണത്തിനാണ് ചിന്തിക്കുന്നത്.

ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ ‘കോലീബി’ സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്നും പിണറായി വിജയൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർക്കാർ നിലപാടടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴും യുഡിഎഫ് മൗനത്തിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊട്ടുകയാണ് യുഡിഎഫ്. എല്ലാത്തിലും ഒരു ഒത്തുകളി കാണാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏ കെ ആന്‍റണിക്കെതിരെയും രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. എൽഡിഎഫ് വീണ്ടും വന്നാൽ സർവ്വനാശമെന്ന് പറഞ്ഞ നേതാവ് ഈ ഒത്തുകളി നാശമാണെന്ന് പറയാൻ തയ്യാറായിട്ടില്ലല്ലോ എന്നാണ് ചോദ്യം. സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം നൽകാത്തപ്പോൾ പോലും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നില്ലെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *