ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു.
കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം വാഹനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
