ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്‍റെ സൂചനയാണിത്.നേരത്തേ കെജ്രിവാളിന്‍റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.ഇപ്പോള്‍ ഐക്യരാഷ്ട്രസഭ കൂടി ഈ വിഷയങ്ങളില്‍ ഇടപെടുന്നത് സാഹചര്യം കുറെക്കൂടി കടുപ്പിക്കുമെന്നുറപ്പ്. പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയില്‍ പൗരര്‍ക്ക് കഴിയണമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്.ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവാണ് യുഎൻ ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *