തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി മൊബൈൽ ആപ്പ് വഴി പരസ്യം. തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ആപ്ലിക്കേഷൻ വഴിയാണ് കോൺഗ്രസ് റാലിയിലേക്ക് ‘കൂലിക്ക് ആളെ’ തേടി സന്ദേശമെത്തിയത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന റാലിയിലേക്ക് ആളെ ആവശ്യപ്പെട്ടാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്.
വൈകിട്ട് 5 മുതൽ രാത്രി 10 വരെ റാലിയിൽ പങ്കെടുക്കുന്നവർക്ക് ഒരാൾക്ക് 511 രൂപയും ഭക്ഷണവുമാണ് വാഗ്ദാനം ചെയ്തത്. 20 പേരെ അടിയന്തരമായി വേണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. രാത്രി 12 മണിയോടെ എത്തിയ സന്ദേശം പത്ത് മിനിറ്റിനുള്ളിൽ തന്നെ പിൻവലിച്ചെങ്കിലും ഇതിനോടകം സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു.
സംഭവം വിവാദമായതോടെ തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് ഗ്രൂപ്പ് അഡ്മിൻ. ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വാദം.
