സംസ്ഥാനത്തെ ഭവനപദ്ധതികളെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് ശക്തമാകുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4,43,000 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയെന്ന തന്റെ വാദം നുണയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ യമണ്ടൻ നുണ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു.
ലൈഫ് മിഷൻ പദ്ധതി വരുന്നതിന് മുൻപ്, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ പദ്ധതികളിലൂടെയാണ് ഇത്രയും വീടുകൾ പൂർത്തിയാക്കിയതെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. തന്റെ വാദത്തിന് തെളിവായി എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യോത്തര വേളയിൽ എൽഡിഎഫ് മന്ത്രിമാർ നൽകിയ ഔദ്യോഗിക രേഖകളിൽ യുഡിഎഫ് കാലത്തെ വീട് നിർമ്മാണത്തിന്റെ കൃത്യമായ കണക്കുകളുണ്ട്. വിവിധ ഭവന പദ്ധതികൾ സംയോജിപ്പിച്ചാണ് 4,43,000 വീടുകൾ നിർമ്മിച്ചു നിർമ്മിച്ചതെന്നാണ് വി ഡി സതീശൻ പറഞ്ഞത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി നുണകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഭവനപദ്ധതിയിൽ മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെക്കുറിച്ചും ആർഎസ്എസ് ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നാണ് വി.ഡി സതീശൻ്റെ പ്രതികരണം.
