കൊടകര കുഴൽപ്പണ കവർച്ച കേസിൽ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ എസ് എസ് ബന്ധമുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി തൃശൂര്‍ റൂറല്‍ എസ്പി. ധർമരാജൻ ആർ എസ് എസുകാരനാണെന്ന് സമ്മതിച്ചുവെന്നും ഇയാൾക്ക് പണം നൽകിയവരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും തൃശൂർ എസ് പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു .

അതേസമയം എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.
കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തിസംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര്‍ തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ന്നുവെന്ന് ആരോപിക്കുന്ന ഈ കുഴല്‍പ്പണം ഏത് പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തെരഞ്ഞൈടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണ്.

അറസ്റ്റിലായ പ്രതി ബാബുവില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവനും പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *