ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജ രാജേശ്വരി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി എൺപതുകാരിയായ അശ്വതാമ്മ. ഇതേ ക്ഷേത്രത്തിൽ അന്നദാന ചടങ്ങിൽ ഭിക്ഷ യാചിച്ച് ലഭിച്ച തുകയാണ് സംഭാവന നൽകിയത്.

ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിക്കോട് സ്വദേശിയായ അശ്വതാമ്മ 18 വർഷക്കാലമായി ഉത്സവ സമയങ്ങളിൽ ഭിക്ഷ യാചിച്ച് വരുകയാണ്. ഇതിന് മുൻപും വിവിധ ക്ഷേത്രങ്ങളിലേക്ക് ആറ് ലക്ഷം രൂപയോളം സംഭാവന നൽകിയിട്ടുണ്ട്. കടുത്ത അയ്യപ്പ ഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകർക്ക് അന്നദാനം നൽകിയിട്ടുണ്ട്. കൂടാതെ സാലിഗ്രാമത്തിലെ ശ്രീ ഗുരുനരസിംഹ ക്ഷേത്രത്തിന് ഒരു ലക്ഷവും പൊളാളി ശ്രീ അഖിലേശ്വരയിലെ അയ്യപ്പഭക്തർക്ക് 1.5 ലക്ഷം രൂപയും ഉഡുപ്പിയിലെയും ദക്ഷിണ കർണാടകയിലെയും അനാഥാലയങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്.

സമൂഹം തനിക്ക് നൽകിയ പണം തിരിച്ചടയ്ക്കുകയാണ് താൻ ചെയ്യുന്നതെന്നും ആരും പട്ടിണി കിടക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ് വയോധിക പറയുന്നത്.

ഭർത്താവിന്റെയും മക്കളുടെയും മരണ ശേഷം 18 വർഷം മുൻപാണ് അശ്വതാമ ഭിക്ഷ യാചിക്കാൻ തുടങ്ങിയത്. കിട്ടുന്ന തുകയുടെ ഒരു ഭാഗം മാത്രം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ബാക്കിയുള്ളത് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യും.
ഈ തുകയാണ് ക്ഷേത്രങ്ങളെയും അനാഥരെയും സഹായിക്കാൻ വിനിയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *