കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പരോൾ നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ തടവ് പുള്ളികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലുകളിലേക്ക് മാടങ്ങണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരുന്നത്.

തടവ് പുള്ളികൾ ഒരുമിച്ച് ജയിലിലേക്ക് മടങ്ങുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യം കൈകാര്യം ചെയ്യാൻ ജയിൽ അധികൃതർക്ക് അറിയാമെന്ന് കോടതി പറഞ്ഞു.

പരോളിൽ കഴിഞ്ഞ കാലാവധി ശിക്ഷയുടെ ഭാഗമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പരോൾ നീട്ടി നൽകുന്നതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി സുരേന്ദ്ര നാഥ്‌, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ എതിർത്തു.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും സ്ഥിതി സാധാരണ ഗതിയിൽ ആയെന്നും ഇരുവരും കോടതിയെ അറിയിച്ചു. തടവ് പുള്ളികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സിദ്ധാർഥ് ലൂതറ, വി ചിദംബരേഷ്, നാഗമുത്തു, അഭിഭാഷകൻ ദീപക് പ്രകാശ്, സുബാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *