യാസ് ചുഴലിക്കാറ്റു ദുരന്ത അവലോകനയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധങ്കറും 30 മിനുട്ട് മമതയ്ക്കായി കാത്തിരിക്കേണ്ടി വന്ന സംഭവത്തിനു പിന്നാലെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയോട് കേന്ദ്ര സർവീസിലേക്ക് തിരികെയെത്താൻ നിർദ്ദേശിച്ചു.
അലപന്‍ ബന്ദോപാധ്യായയോട് മെയ് 31ന് ന്യൂഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പില്‍ ചേരാന്‍ ആവശ്യപ്പെടട്ടാണ് ഉത്തരവയച്ചത് . ഉന്നതതല യോഗത്തിനു ശേഷം മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. യാസ് ചുഴലിക്കാറ്റു ദുരന്ത അവലോകനയോഗത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തില്‍ അരമണിക്കൂര്‍ വൈകി എത്തിയത്. യോഗത്തില്‍ 15 മിനുട്ടോളം മാത്രം പങ്കെടുത്ത ശേഷം ഇരുവരും മടങ്ങുകയും ചെയ്തത് കേന്ദ്രത്തെ ചൊടിപ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും കേന്ദ്രസര്‍ക്കാരും മമതയുടെ നടപടിയെ അപലപിച്ചു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം 1987 ലെ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ നല്‍കി.
പൊതുപരാതികളും പെന്‍ഷനും മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. മെയ് 31 ന് രാവിലെ 10 ന് ന്യൂഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. പുതിയ ഉത്തരവിന് 4 ദിവസം മുമ്പ് മെയ് 24 നാണ് ചീഫ് സെക്രട്ടറി സ്ഥാനത്ത് ബന്ദോപാധ്യായയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടിയത്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബന്ദോപാധ്യായ 2020 മുതല്‍ ബംഗാളിന്റെ ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചതിനെതിരെ രൂക്ഷ വിമർശനമുയർത്തി തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു. മോദിയുടെ അമിത്ഷായുടെയും ബിജെപിക്ക് ഇതിനേക്കാൾ തരംതാഴാൻ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുമായിരുന്നുവെന്ന് ഗവര്‍ണര്‍ ധങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു. മോശമായ ഏറ്റുമുട്ടല്‍ നിലപാട് സംസ്ഥാനത്തിന്റെയോ ജനാധിപത്യത്തിന്റെയോ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .