ഇന്ത്യയില്‍ നേരിടുന്ന കല്‍ക്കരി ക്ഷാമത്തിന് പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കല്‍ക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോള്‍ ഇന്ത്യ’യാകും കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് തുടരുന്ന കടുത്ത കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉയരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നു. സെപ്തംബര്‍ പാദത്തില്‍ പ്രാദേശിക കല്‍ക്കരി വിതരണ ഡിമാന്‍ഡ് 42.5 ദശലക്ഷം ടണ്‍ കുറയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനെക്കാള്‍ 15 ശതമാനം കൂടുതലാണ് ഈ കണക്ക്. ഏപ്രില്‍ മാസത്തില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു. 38 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം നടന്ന വര്‍ഷമാണ് ഇത്.

പവര്‍ പ്ലാന്റുകള്‍ ഇറക്കുമതിയിലൂടെ കല്‍ക്കരി ശേഖരണം ഉണ്ടാക്കിയില്ലെങ്കില്‍ ആഭ്യന്തരമായി ഖനനം ചെയ്യുന്ന കല്‍ക്കരി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ യൂട്ടിലിറ്റികളില്‍ ഇന്ത്യ അടുത്ത ദിവസങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളും കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിയിട്ടില്ലെന്നും കല്‍ക്കരി ഇറക്കുമതി ചെയ്തില്ലെങ്കില്‍ ജൂലൈ മാസത്തോടെ പല യൂട്ടിലിറ്റികളിലും കല്‍ക്കരി തീരുമെന്നും സൂചനകളുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ രാജ്യം സമാനതകളില്ലാത്ത കല്‍ക്കരി ക്ഷാമത്തെ നേരിട്ടിരുന്നു. 6 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് രാജ്യം നേരിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഊര്‍ജ ഉത്പാദനത്തെ അടക്കം ഇത് സാരമായി ബാധിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനത്തിനും ഇടയാക്കി. സമാന സാഹചര്യം ഇക്കുറി ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്ത് കല്‍ക്കരി ക്ഷാമം വീണ്ടും കടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *