ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തായിബ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തായിബയുടെ ഉന്നത കമാന്‍ഡര്‍ നദീം അബ്രാര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കൊപ്പം പാക് സ്വദേശിയായ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. മലൂറ പരിമ്പോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന വിവരം ഐജി വിജയ് കുമാര്‍ ആണ് അറിയിച്ചത്.
ഇദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം അബ്രാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഒരു വീട്ടില്‍ തന്റെ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് കണ്ടെടുക്കാനെത്തിയ സുരക്ഷാ സൈനികര്‍ക്ക് നേരെ വീടിനുള്ളില്‍ നിന്നും വെടിവയ്പ്പുണ്ടാവുകയായിരുന്നു. അബ്രാറുമൊത്താണ് ആയുധം വീണ്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
‘വീടിനുള്ളിലേക്ക് കടക്കവെ അകത്ത് ഒളിച്ചിരുന്ന ഇയാളുടെ അനുയായി വെടിയുതിര്‍ക്കുകയായിരുന്നു’ എന്നാണ് ഐജി അറിയിച്ചത്. തുടര്‍ന്ന് സുരക്ഷാസേനയും പ്രത്യാക്രമണം നടത്തി. ഈ ഏറ്റുമുട്ടലിലാണ് അബ്രാറും വീടിനുള്ളിലുണ്ടായിരുന്ന സഹായിയും കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തു നിന്നും എകെ 47 റൈഫിളുകളും കണ്ടെടുത്തിട്ടുണ്ട്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണ പൗരന്മാരുടെയും മരണത്തിന് ഉത്തരവാദിയാണ് അബ്രാര്‍ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീരില്‍ സ്ഥിതി ഗതികള്‍ കുറച്ച് വഷളായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ വീടിനുള്ളില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ കശ്മീര്‍ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയും മകളും കൊല്ലപ്പെട്ടിരുന്നു.