കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിടാന്‍ പുതിയ തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍. കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സക്കാത്ത് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കൂവെന്നാണ് സക്കാത്ത് ഫൗണ്ടേഷന്‍ (സി സെഡ് എഫ്) വ്യക്തമാക്കുന്നത്. 2015ലാണ് വിദ്യാസമ്പന്നരായ ഒരു കൂട്ടം മുസ്ലീം യുവാക്കളുടെ നേതൃത്വത്തില്‍ ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുസ്ലീം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായാണ് സി സെഡ് എഫ് ഫണ്ട് നല്കുന്നത്.

എന്നാല്‍ ഈ വര്‍ഷം ഫണ്ട് അനുവദിക്കണമെങ്കില്‍ 18 വയസ്സോ അതിനു മുകളിലുള്ളവരോ ആയ വിദ്യാര്‍ത്ഥികള്‍ വാക്സിന്‍ എടുക്കണമെന്നാണ് സി സെഡ് എഫ് നിബന്ധനവെച്ചിരിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സി സെഡ് എഫില്‍ സമര്‍പ്പിക്കണമെന്നാണ് മറ്റൊരു നിബന്ധനയെന്ന് ഫൗണ്ടേഷന്‍ സ്ഥാപകരായ മുഹമ്മദ് താഹിറും സെയ്ദ് അക്കീയും വിശദീകരിച്ചു. വാക്സിന്‍ എടുക്കുകയെന്നത് സ്വകാര്യതാത്പര്യമാണെങ്കിലും കൊവിഡില്‍ നിന്ന് സുരക്ഷപ്രദാനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു നിബന്ധന ഫൗണ്ടേഷന്‍ മുന്നോട്ടുവെക്കുന്നത്.

മഹാമാരിയുടെ ഭീതി ഇപ്പോഴും ഒഴിവായിട്ടില്ലെന്നും അതുകൊണ്ട് വാക്സിനേഷനിലൂടെ മാത്രമേ സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്നും ഫൗണ്ടേഷന്‍ അംഗങ്ങളായ സയ്യിദ് ഇനാമുള്ള ബുക്കാരിയും അക്രം സിദ്ധിഖിയും ചൂണ്ടിക്കാണിച്ചു. ആശങ്കയല്ല കൊവിഡുമായി ബന്ധപ്പെട്ട അവബോധമാണ് വേണ്ടതെന്നാണ് ഇതു സംബന്ധിച്ച് ഫൗണ്ടേഷന്റെ അഭിപ്രായം. ഈ വര്‍ഷം ഫൗണ്ടേഷന് 38 ലക്ഷമാണ് ഫണ്ടായി ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *