ഉദയ്പൂരിൽ നുപൂർ ശർമയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ കനത്ത ജാഗ്രത.നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരും. തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും.കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന.ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായും ഗവർണർ അറിയിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നൂപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ വീഡിയോയും പുറത്തുവിട്ടിരുന്നു.വളരെ പ്രകോപനപരമായ ഉള്ളടക്കമായതിനാൽ വീഡിയോ സംപ്രേക്ഷണം ചെയ്യരുതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, ലോ ആൻഡ് ഓർഡർ മുതിർന്ന പൊലീസ് ഓഫീസർ ഹവാസിംഗ് ഘുമാരിയ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *