ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെ വിമര്‍ശിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി ഇന്ത്യ. യു എന്നിന്റെ പ്രസ്താവന അനാവശ്യമാണ്. ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ ഇടപെടരുത്. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കരുത്. നിയമപരമായ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചു എന്നാരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചിരുന്നു.

ടീസ്തയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *