ജനശബ്ദം ന്യൂസ് ഇഫക്റ്റ് ; കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് പരിഹാരത്തിലേക്ക്.

രാജ്യാന്തര നിലവാരമുള്ള IIM ഉൾപ്പടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബായ കുന്ദമംഗലം ടൗൺ ഗതാഗതക്കുരുക്ക് കൊണ്ട് വലയുന്ന കാഴ്ച ജനം സാക്ഷ്യംവഹിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പരിഹാരമാർഗങ്ങൾ പലതും പരീക്ഷിച്ചെങ്കിലും ടൗണിലെ ഹൃദയഭാഗത്ത് തിരക്കിന് ശാശ്വതപരിഹാരം കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതൊരു യഥാർഥ്യമാണ്
കഴിഞ്ഞദിവസം ഒന്നിലധികം ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെട്ട് രോഗികൾ വലഞ്ഞ സംഭവം ജനശബ്ദം ഓൺലൈൻ വാർത്തയാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ പത്തിനുള്ളിൽ യോഗം വിളിച്ചു ചേർക്കാനും പരിഹാരം എത്രയും പെട്ടെന്ന് കണ്ടെത്താനും ജനപ്രതിനിധികൾ അടക്കമുള്ളവർ നിർദ്ദേശിച്ചു.

ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിവിധ പ്രതികരണങ്ങളിലേക്ക്.

  1. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചെയർമാൻ, വി അനിൽകുമാർ.

കുന്ദമംഗലത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഏറെ കാര്യങ്ങൾ ചെയ്തു നോക്കിയിട്ടുണ്ട്. ശാശ്വതമായ പരിഹാരം ബൈപ്പാസ് വേണമെന്നത് തന്നെയാണ്. കോവിഡ് പ്രതിസന്ധി അടക്കം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് പ്രശ്നം.സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്ക് വലിയ പ്രയാസം നേരിടും. അതേ സമയം അനധികൃത പാർക്കിങ് ഒഴിവാക്കുന്നതും ഡിവൈഡർ സ്ഥാപിക്കുന്നതും എല്ലാം ഒരു പരിധിവരെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായകമാകും. മറ്റൊരു മാർഗം CWRDM- താമരശ്ശേരി റോഡ് പൂർത്തീകരിക്കുക എന്നുള്ളതാണ്.
അതുവഴി മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വയനാട് ഭാഗത്തേക്ക് പോകാൻ കുന്ദമംഗലം ടൗണിലൂടെ അല്ലാതെ പോകാവുന്നതാണ്. കരാറുകാരന്റെ അനാസ്ഥ മൂലമാണ് ഇപ്പോൾ പണി പൂർത്തീകരിക്കാൻ ആകാത്ത അവസ്ഥയിലാണ്. കുന്നമംഗലം ഹൈസ്കൂളിന് മുൻപിലേക്ക് ഇറങ്ങാൻ തക്കവണ്ണം ഒരു എസ്കലേറ്റർ സ്ഥാപിക്കണം. എല്ലാ വിഭാഗം പ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് ഒരു സർവ്വകക്ഷിയോഗം സെപ്റ്റംബർ 10 ന് മുൻപ് വിളിച്ചുചേർക്കാൻ തീരുമാനമായിട്ടുണ്ട്. എൻ ഐ ടി,ഐ ഐ എം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരുമായും ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്.

P. T. A. Rahim - Wikipedia

2.അഡ്വ. പി ടി എ റഹീം MLA

ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ പരിഹാരം കണ്ടെത്തണം. NITയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജംഗ്ഷൻ വീതി കൂട്ടുകയും ബസ്റ്റാൻഡിന് ക്രമീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് ബസ്റ്റാൻഡ് ഉള്ളത് ഒറ്റ ബസ്റ്റാൻഡ് ആക്കുകയും, മറ്റേത് പാർക്കിംഗ് സ്ഥലം ആക്കുകയുമാവാം. വയനാട് റോഡിന്റെ ഇടതുവശത്തുള്ള പാർക്കിംഗ് ഒഴിവാക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഏതറ്റം വരെയും സഹായം ചെയ്യാൻ ഒരുക്കമാണ്.

3. ബാബു നെല്ലോളി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

നേരത്തെ എടുത്തു മാറ്റപ്പെട്ട ഡിവൈഡറുകൾ പുനസ്ഥാപിക്കണം. റോഡിന് ഇരുവശവും ഉള്ള പാർക്കിനെ കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹകരണത്തോടെ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളണം. സിപിഎം പാർട്ടി ഓഫീസിന്റെ ഭാഗത്തുള്ള റോഡിനും വീതി കൂട്ടണം. കുട്ടിക്കാട്ടൂർ റോഡിനു വഴി മുടക്കി നിൽക്കുന്ന ഇലട്രിക് പോസ്റ്റുകളും മരങ്ങളും നീക്കം ചെയ്യണം.

4 ഖാലിദ് കിളിമുണ്ട
(UDF കൺവീനർ കുന്ദമംഗലം നിയോജക മണ്ഡലം )
   
ഒരോ ദിവസവും സങ്കീർണമായിക്കൊണ്ടിരിക്കുന്ന കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് എം.എൽ.എ., എം.പി. എന്നിവരുടെ സാന്നിദ്ധ്യത്തിൽ അടിയന്തിര സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ മുൻകൈ എടുക്കണം .കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക് മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിവസേന ക്യൂടിവരികയാണ്.ഭരണവും ഭരണാധികാരികളും മാറി വന്നിട്ടും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.ഇതുപോലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട പ്രദേശങ്ങളിലൊക്കെ ജനങ്ങളും ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് പ്രശ്ന പരിഹാരമുണ്ടാക്കിയ അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ടു്.ശക്തമായ ഈ കൂട്ടായ്മക്ക് ഇനിയും താമസിച്ചു കൂട.

5. എടക്കുനി അബ്ദുൽ റഹിമാൻ
(മലബാർ ഡെവലപ്മെന്റ് ഫോറം)

ദീർഘകാലമായുള്ള പ്രശ്നമാണ് ഗതാഗതക്കുരുക്ക്, കാലഘട്ടത്തിന്റെ ആവശ്യകത എന്ന നിലയ്ക്ക് അത് വർത്തയിലൂടെ കാണിക്കാൻ ‘ജനശബ്ദത്തിന്’ സാധിച്ചു. അടിയന്തര സ്വഭാവത്തിൽ ഈ വിഷയത്തിൽ അധികാരികൾ നടപടിയെടുക്കണം. തിങ്കളാഴ്ച മലബാർ ഡെവലപ്പ്മെന്റ് കമ്മിറ്റി ഈ വിഷയം ഏറ്റെടുത്ത് പ്രത്യക്ഷ സമരം നടത്തും. ബൈപാസ് എന്ന ആവശ്യം ദീർഘ കാലമായി പറയുന്നുണ്ടെങ്കിലും യാതൊരുവിധ നടപടികളും അതിനുവേണ്ടി നടന്നിട്ടില്ല.

6. യൂസഫ് നടുത്തറേമ്മൽ
CI, SHO കുന്ദമംഗലം.

ബ്ലിങ്കർ ലൈറ്റുകൾക്ക് പകരം കൃത്യമായി ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കണം. അടിയന്തിരമായി ബൈപാസ് സംവിധാനം കണ്ടെത്തേണ്ടതുണ്ട്. അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്. പാർക്കിങ്ങിനു പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.

7. ജൗഹർ ഭൂപതി
(വ്യാപാരി വ്യവസായി ഏകോപന സമിതി )

ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന വിദ്യാഭ്യാസ ഹബ്ബായ കുന്ദമംഗലത്ത്‌ ഇന്നും ഗതികേടായി മാറിയിരിക്കയാണ് ഗതാഗത കുരുക്ക്. ശാശ്വതമായ ഒരു പാർക്കിംഗ് സൗകര്യം ഇല്ലാത്തത് മൂലം പൊതുജന-ഓട്ടോ- ടാക്സി തൊഴിലാളികളോടൊപ്പം തന്നെ വ്യാപാരികളും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇതിന് അടിയന്തിരമായി ഒരു പരിഹാരം അധികൃതർ കാണേണ്ടത് അത്യാവശ്യമാണ്.

8. സക്കീർ ഹുസൈൻ
(ഓട്ടോ തൊഴിലാളി )

കഴിഞ്ഞ 20 വർഷമായി ഞാൻ കുന്ദമംഗലത്ത് ഓട്ടോ ഡ്രൈവറാണ്. പ്രതിവർഷം കുന്ദമംഗലത്ത് തിരക്ക് വർധിക്കുകയാണ്. 25 രൂപയുടെ ഓട്ടം പോയാൽ അതിലും കൂടുതൽ പണം ഡീസലിന് ചിലവാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനൊരു ശാശ്വത പരിഹാരം ആരിൽ നിന്ന് ഉണ്ടാവുമെന്നറിയില്ല, ഇതിനായി ഒരുപാട് വാതിലുകൾ മുട്ടി. എങ്കിലും ഇപ്പോഴും പ്രതീക്ഷയുണ്ട്. കുന്ദമംഗലത്തുകൂടി കടന്നു പോകുന്ന ആംബുലൻസുകളുടെ കാര്യം കഷ്ടമാണ്, അതിനുള്ളിലെ ജീവന്റെ കാര്യം നമ്മളോർക്കണം.

9.നൗഷാദ് തെക്കയിൽ
(സാമൂഹ്യ പ്രവർത്തകൻ)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, കോടതി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് എന്നിങ്ങനെ നിരവധി സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ എത്തുന്ന പൊതുജനങ്ങൾ കഷ്ടപ്പെടുന്നു.
ദിവസവും റോഡ് ഒരുപാട് സമയം ബ്ലോക്ക്‌ ആണ്. ആംബുലൻസ്കൾ ബ്ലോക്കിൽ പെടുന്നു, പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് നിയന്ത്രിച്ചാലും വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്നു.
മുൻപ് അധികാരികൾക്ക് മുൻപിൽ പരാതികൾ പലതും സമർപ്പിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല എന്നതാണ് വിരോധാഭാസം.

Leave a Reply

Your email address will not be published. Required fields are marked *