വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *