എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാരിന് വിഭാഗീയമായ സമീപനം ഇല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങളോട് തുല്യമായ പരിഗണനയാണുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

എയ്ഡഡ് മേഖലയിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലേറെ നിയമനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. സർക്കാർ 60000 ൽ ഏറെ അധ്യാപക അനധ്യാപക നിയമനങ്ങളും നടത്തി. 1503 ഭിന്നശേഷി നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും എയ്ഡഡ് നിയമനത്തിന് സർക്കാർ എതിരെ നിന്നിട്ടുണ്ടോ എന്നും മന്ത്രി നിയമസഭയിൽ ഉന്നയിച്ചു.

ക്രിസ്ത്യൻ ഹിന്ദു മുസ്ലിം മാനേജ്മെന്റുകളോട് ഒരേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ക്രിസ്ത്യാനികൾ ശിവൻകുട്ടിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത്. മോൻസ് ജോസഫിന്റെ പ്രസ്താവനയിൽ അങ്ങനെയൊരു സ്വരം ഉണ്ട്. തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ആവശ്യമില്ലാതെ വിദ്യാഭ്യാസ മേഖലയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് പറഞ്ഞ് കുഴപ്പം ഉണ്ടാക്കരുത് എന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപകരുടെ പ്രസവ അവധി നിഷേധിക്കുന്നുവെന്ന മോൻസ് ജോസഫ് എംഎൽഎ യുടെ പരാമർശത്തിനെതിരെയും മന്ത്രി പ്രതികരിച്ചു. പ്രസവിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്, പ്രസവ അവധി നിഷേധിക്കലല്ല എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *