കോഴിക്കോട്ട്: മാനസികനില തെറ്റി കോഴിക്കോട്ടെത്തുകയും എട്ട് വര്‍ഷം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലും ആശാ ഭവനിലുമായി കഴിയുകയും ചെയ്ത ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ജ്യോതി (45) ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവന്റെ ഇടപെടലാണ് ബന്ധുക്കളുമായി പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.
2017ലാണ് ജ്യോതിയെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതോടെ ആശാ ഭവനിലേക്ക് മാറ്റി. ഇവിടെ കഴിയുന്നതിനിടെ വിജയവാഡ കൊത്തരാജീവ് നഗര്‍ സ്വദേശിനിയാണെന്ന് എം ശിവനോട് വെളിപ്പെടുത്തിയതോടെ പ്രദേശത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. മാതാവ് ശ്രീദേവിയും സഹോദരന്‍ മുരളീകൃഷ്ണയും എത്തിയാണ് ജ്യോതിയെ നാട്ടിലേക്ക് കൊണ്ടുപോയത്. ആശാ ഭവനിലെ ജീവനക്കാര്‍ ജ്യോതിക്കും കുടംബാംഗങ്ങള്‍ക്കും ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
