കോഴിക്കോട്: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്സിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26-ാം തീയതി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. ബസ്സിലെ ജീവനക്കാരനായ കോഴിക്കോട് ചൂലൂർ സ്വദേശി രജീഷിനെയാണ് കസബ പോലീസ് പിടികൂടിയത്.
യാത്രയ്ക്കിടെ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് ഇയാൾ പിന്മാറിയെങ്കിലും, ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം എത്താറായപ്പോൾ ഇയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് യുവതി കസബ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് അതിവേഗം പ്രതിയെ പിടികൂടി. ഇൻസ്‌പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്‌ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രജീഷിനെ റിമാൻഡ് ചെയ്തു.
