പെരുവയൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ 9001 നിറവിൽ. നടപടിക്രമങ്ങളും ഓഫീസ് സംവിധാനവും സുതാര്യമായും കൃത്യതയോടെയും കൊണ്ടുപോകുന്നതിലും ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി, അക്കൗണ്ടൻ്റ്, സന്ദർശകർ തുടങ്ങിയ എല്ലാവർക്കും ഇരിപ്പിടം ഉൾപ്പെടെ ഒരുക്കൽ, തുടക്കം മുതലുള്ള രജിസ്റ്ററുകളും ഫയലുകളും ക്രമപ്പെടുത്തി സൂക്ഷിക്കൽ, ബോർഡുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കൽ തുടങ്ങി മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവിടെ സംവിധാനിച്ചിട്ടുള്ളത്. പെരുവയൽ ഗ്രാമപഞ്ചായത്തിൽ 2003ലാണ് കുടുംബശ്രീ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ നാലു വർഷക്കാലമായി സി.ഡി.എസ് ചെയർപേഴ്സണായി പ്രവർത്തിച്ചുവരുന്ന ടി.കെ റീനയുടെ നേതൃത്വത്തിലുള്ള സി.ഡി.എസിൻ്റെ പ്രവർത്തന മികവാണ് ഐ.എസ്.ഒ 9001 സർട്ടിഫിക്കേഷന് ലഭിക്കുന്നതിന് സഹായകമായത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.എസ്.ഒ 9001 സർട്ടിഫിക്കറ്റ് പി.ടി.എ റഹീം എംഎൽഎയിൽ നിന്ന് ചെയർപേഴ്സൺ ടി.കെ റീന ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനീഷ് പാലാട്ട്, പി സുഹറ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി അനിത, പി.എം ബാബു, എ.പി റീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം സദാശിവൻ, കെ.എം ഗണേശൻ, പി.പി ബഷീർ, പി അബിത എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ടി.കെ റീന സ്വാഗതവും മെമ്പർ സെക്രട്ടറി പി പ്രതോഷ് നന്ദിയും പറഞ്ഞു.
