പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1964 മുതൽ 2025 നവംബർ 30 വരെയുള്ള കാലഘട്ടത്തിൽ വിരമിച്ച ജീവനക്കാരുടെ സ്നേഹസംഗമം ഓർമകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആയി മാറി. ഈ കാലയളവിൽ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുകയും പിന്നീട് ഇവിടെ നിന്നും സ്ഥലംമാറ്റം വഴിയോ സ്ഥാനക്കയറ്റം കിട്ടിയോ പെൻഷനായോ പിരിയുകയും ചെയ്ത അധ്യാപക- അനധ്യാപകരുടെ സ്നേഹ സംഗമത്തിൽ 98പേർ പങ്കെടുത്തു. പ്രധാനധ്യാപകനായി വിരമിച്ച ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചരിത്ര ശേഷിപ്പുകൾ ഉറങ്ങുന്ന മണ്ണായ കോട്ടയിലെ പരിപാടിയിൽ പങ്കെടുത്തവരിൽ പ്രധാനധ്യാപകരായി വിരമിച്ച ജോർജ് ജോസഫ്, വർക്കി എന്നിവരാണ് ഏറ്റവും മുതിർന്നവർ. ഷിബു, ശ്രീനിവാസൻ എന്നിവരാണ് ഏറ്റവും ഇളമുറക്കാർ.
പല കാലങ്ങളിലായി ഒരിടത്ത് ജോലി ചെയ്തവർ, പരസ്പരം പരിചയപ്പെട്ടും കൂട്ടുകൂടിയും കലാപരിപാടികൾ അവതരിപ്പിച്ചും കൂടുതൽ അടുപ്പമുള്ളവരായി.

വിരമിച്ച ഒരു അധ്യാപകന്റെ വീട്ടിലിരുന്നുള്ള കുശലാന്വേഷണത്തിന് ഇടയിൽ തികച്ചും യാതൃശ്ചികമായി ഉയിർത്തുവന്ന ആശയമാണ് ഈ സ്നേഹ സംഗമം. പിന്നീട് എല്ലാം വളരെ പെട്ടന്നുനടന്നു എന്ന് പൂർവാധ്യാപകരായ നൂറുദ്ധീൻ പനമരവും ശ്രീരാമൻ പാട്ടത്തിലും പറഞ്ഞു.
ബ്രിട്ടീഷുകാരുടെ പടക്കോപ്പുകൾ സൂക്ഷിച്ചിരുന്ന മിലിറ്ററി പോസ്റ്റ് ഇവിടെയായിരുന്നു. വീര പഴശ്ശിയുടെ പടനായകനായിരുന്ന എടച്ചന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ കോട്ട ആക്രമിക്കുകയും 72 ബ്രിട്ടീഷ് സൈനികരെ വധിക്കുകയും, 10 പെട്ടി വെടികോപ്പുകളും 6000 രൂപയും പിടിച്ചടക്കുകയും ചെയ്തു. കോട്ടയുടെ തിരുശേഷിപ്പുകളായി സ്കൂൾ കെട്ടിടത്തിന് പിന്നിൽ കിടങ്ങും, ടി ടി ഐ കെട്ടിടത്തിന് മുന്നിലായി രണ്ട് തൂണുകളും ഇന്നും കാണാൻ കഴിയും. കൂടാതെ കോട്ടയം തമ്പുരാനായ പഴശ്ശിരാജയുടെ വിശ്വസ്ത പടനായകൻ തലയ്ക്കൽ ചന്തു വധിക്കപ്പെട്ട കോളിമരവും അതിനു സമീപത്തായി അടുത്തകാലത്തായി നിർമ്മിച്ച സ്മൃതി മണ്ഡപവും പഴയ സ്കൂൾ കെട്ടിടത്തിന് സമീപമുണ്ട്.
‘പനപുര’മാണ് പനമരം ആയതെന്നും അഭിപ്രായമുണ്ട് . പനമരങ്ങൾ തിങ്ങിനിറഞ്ഞ ഇവിടെനിന്ന് പനയോലകൾ ശേഖരിക്കാൻ ആന പാപ്പാന്മാർ വന്നിരുന്നുവെന്നും പറയപ്പെടുന്നു. ഇന്ന് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വയനാട് ഒരുകാലത്ത് പട്ടിണിയുടെയും പകർച്ചവ്യാധികളുടെയും നാടായിരുന്നു. ഈ പ്രതികൂല ചുറ്റുപാടുകളോടും കാലാവസ്ഥയോടും മല്ലടിച്ച് ഇവിടെ കുടിയേറി പാർത്തവരുടെയും കാലാകാലങ്ങളായി ഇവിടെ അധിവസിച്ചിരുന്നവരുടെയും അശ്രാന്ത പരിശ്രമഫലമായാണ് ഇവിടെ വിദ്യാലയങ്ങൾ ഉയർന്നുവന്നത്. 1912 മലബാർ ഡിസ്ട്രിക് ബോർഡിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിലെ ആദ്യത്തെ എലമെന്ററി സ്കൂൾ
പനമരത്ത് തുടങ്ങി. ഈ പ്രദേശത്തെ സമ്പന്ന വിഭാഗങ്ങളിലെ കുട്ടികൾ മാത്രമായിരുന്നു ആദ്യകാല വിദ്യാർഥികൾ. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ അടുത്ത വിദ്യാലയം 5 കിലോമീറ്റർ അകലെ കണിയാമ്പറ്റ സർക്കാർ എലമെന്ററി സ്കൂൾ ആയിരുന്നു. അവിടെ ഇ.എസ്.എസ്.എൽ.സി കഴിഞ്ഞാൽ പ്രൈമറി അധ്യാപകൻ ആകാമായിരുന്നു. വാഹന സൗകര്യം കുറവായിരുന്നതിനാൽ പനമരം എൽ പി സ്കൂളിനോട് ചേർന്ന് 1957 ജൂലൈ നാലിന് ഓല ഷെഡിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന് സാമ്പത്തിക സഹായം നൽകിയവരിൽ പ്രമുഖരായിരുന്നു ശ്രീ.പുഞ്ചവയൽ സി.എൻ.അപ്പു നായർ. പാടത്തെ ചേറും ചെളിയും വിയർപ്പും മാത്രമല്ല ജീവിതം എന്ന് ജനങ്ങളെ പഠിപ്പിച്ചത് ഈ വിദ്യാലയമാണ്. ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസിലേയ്ക്ക് ആദ്യമായി പ്രവേശനം നേടിയവർ 13 പേരായിരുന്നു. ഇന്നത്തെ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അദ്ധ്യയനം ആരംഭിച്ചപ്പോഴാണ് കോട്ട സ്കൂൾ എന്ന് വിളിപ്പേരുണ്ടായത്. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകരില്‍ ചിലരെ ഓർമ്മിക്കാതെ വയ്യ. അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ. ശങ്കരൻ കുട്ടി മേനോൻ ആയിരുന്നു. ശ്രീ.കൃഷ്ണപിള്ള, ശ്രീ. അഗ്നിശർമൻ നമ്പൂതിരിപ്പാട്, ശ്രീ. പൈതൽ, ശ്രീ. മാത്യു, ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ കെ നായർ, ശ്രീമതി. യു കെ ദേവകി എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.
ആദ്യകാല വിദ്യാർത്ഥികളിൽ 1, 2, 3 അഡ്മിഷൻ നമ്പറുകാരായിരുന്നു ശ്രീ. പി വി കൃഷ്ണൻ, ശ്രീ. പി കെ പദ്‍മനാഭൻ, ശ്രീ. വി. അബ്ദുള്ള എന്നിവർ. ഇവർ മൂന്നുപേരും പിൽക്കാലത്ത് ഈ വിദ്യാലയത്തിലെ ജീവനക്കാരായി മാറി. ഒന്നാം നമ്പർ കാരൻ ഓഫീസ് ജീവനക്കാരനും മറ്റു രണ്ടു പേരും അധ്യാപകരുമായി. കബനീ നദി കളകളാരവം പൊഴിക്കുന്ന നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പടർന്നു പന്തലിച്ച് 1997ൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറി. 13 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പനമരം ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും പഠിച്ച് സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയവർ അസംഖ്യവും. വിദ്യാലയത്തിന്റെ തിരുമുറ്റം തണൽ മരങ്ങളാൽ സമ്പന്നം. യശ്ശശരീരനായ ശ്രീ. പി കെ പത്മനാഭൻ മാസ്റ്ററാണ് ഈ തണൽ മരങ്ങൾ നട്ടുനനച്ച് വളർത്തിയത്.
ഈ വിദ്യാലയത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കെട്ടിട നിർമ്മാണത്തിന് സഹായിച്ചവരാണ് ശ്രീ. ചന്ദ്രപ്പഗൗഡർ, ജനാബ് . കുഞ്ഞിമമ്മുക്ക, ശ്രീ. കുഞ്ഞികൃഷ്ണൻ നായർ, ശ്രീ. പി സി മാധവൻ നമ്പ്യാർ, ശ്രീ ഒ ടി കൃഷ്ണൻ നമ്പ്യാർ തുടങ്ങിയ മഹത് വ്യക്തികൾ. ശ്രീ. തെക്കേടത്ത് മുഹമ്മദിന്റെ ശ്രമഫലമായി 2003 ല്‍ പുതിയ കെട്ടിടവും ഉണ്ടായി. വിദ്യാർത്ഥികൾക്ക് വിശ്രമിക്കാൻ മുറ്റത്ത് നിൽക്കുന്ന രണ്ടു തണൽ മരങ്ങൾക്ക് ഇവിടത്തെ രണ്ട് അധ്യാപകരായിരുന്ന ശ്രീ.എന്‍ ശശിധരൻ മാസ്റ്ററും ശ്രീ. വി.എം. ബാലകൃഷ്ണൻ മാസ്റ്ററും തറ കെട്ടി നൽകിയിട്ടുണ്ട്.
2025ലെ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ 100% വിജയം കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ കലാകായിക രംഗത്ത് നിരവധി പ്രതിഭകളെ സമ്മാനിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ദേശീയതലത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനും ഇവിടുത്തെ കുട്ടികൾ പ്രാപ്തരായിട്ടുണ്ട്.
