സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യല്‍. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ചോദ്യം ചെയ്യല്‍.
ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ് നടന്നതായി മുൻപ് കണ്ടെത്തിയിരുന്നു. ഇതിൽ ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന സംഭവത്തിൽ സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു പരാതി. സേവ് ബോക്സ് ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്സ് നല്കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.
സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതിഖ് റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് അന്ന് വിവരം ലഭിച്ചിരുന്നു. സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചാണ് സ്വാതിഖ് സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
