താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ അടിപിടിയിൽ 14 വയസുകാരന് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടികൾ തമ്മിലുള്ള കളിയാക്കലിനെ തുടർന്നാണ് മർദ്ദനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നതിന് ശേഷം കുട്ടി വീട്ടിലെത്തിയപ്പോൾ ചർദ്ദി ആരംഭിച്ചതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെയും കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി ബന്ധുക്കൾ അറിയിച്ചു.
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം, കളർ കാം പൊയിൽ എന്ന സ്ഥലത്ത് റോഡരികിലായിരുന്നു സംഭവം. സമാന പ്രായത്തിലുള്ള, 14 വയസുള്ള കുട്ടികൾ തമ്മിലാണ് അടിപിടി നടന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, അന്വേഷണം പൂർത്തിയായതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും താമരശ്ശേരി എസ്‌ഐ അറിയിച്ചു.
