പത്തനംതിട്ട: കോട്ടാങ്ങലിൽ 26-കാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ പ്രതി നസീർ (44) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ കുടുക്കിയത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജിപി ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ശനിയാഴ്ച വിധിക്കും.
2019 ഡിസംബർ 15-നായിരുന്നു സംഭവം. യുവതിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയമുണർത്തി. യുവതിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചായിരുന്നു ലോക്കൽ പോലീസിന്റെ ആദ്യ അന്വേഷണം. എന്നാൽ, കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് വഴിത്തിരിവുണ്ടായത്.
ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്. ഇതിൽ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ സുഹൃത്തും പിതാവും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ നസീർ, യുവതിയുടെ തല കട്ടിൽപ്പടിയിൽ ഇടിച്ച് ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മുണ്ടുപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു.
