അപ്ഡേറ്റ് ചെയ്യാൻ ഇനി അക്ഷയയിൽ ക്യൂ നിൽക്കേണ്ട
കൂടുതൽ ലളിതവും സുരക്ഷിതവുമായ ആധാർ ആപ്പുമായി യുഐഡിഐ. വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാനും ഓഫ്ലൈൻ വെരിഫിക്കേഷൻ നടത്താനുമുള്ള സൗകര്യങ്ങളടങ്ങിയ ആപ്പ് ജനുവരി 29 ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയുടെ സാന്നിധ്യത്തിലാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. ആധാർ നമ്പർ ഉടമകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ പുതു തലമുറ മൊബൈൽ ആപ്ലിക്കേഷനാണ് പുതിയ ആധാർ ആപ്പെന്ന് കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ആപ്പിലെ സവിശേഷതകൾ അറിയാം:
വിവരങ്ങൾ നമുക്ക് തന്നെ പുതുക്കാം: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും വിലാസവും ഇനി ആപ്പിലൂടെ തന്നെ നേരിട്ട് മാറ്റാൻ സാധിക്കും. ഇതിനായി ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ല. ഒരേസമയം സമയവും പണവും ഉപഭോക്താക്കൾക്ക് ലാഭിക്കാൻ കഴിയുന്ന ഫീച്ചറാണിത്.
സ്വകാര്യതയും സുരക്ഷയും: ഹോട്ടലുകളിലോ മറ്റോ തിരിച്ചറിയൽ രേഖ നൽകുമ്പോൾ ആധാർ കാർഡിലെ മുഴുവൻ വിവരങ്ങളും നൽകാതെ, പേരും പ്രായവും പോലുള്ള ആവശ്യമായ വിവരങ്ങൾ മാത്രം നൽകാൻ കഴിയും.
ഓഫ്ലൈൻ വെരിഫിക്കേഷൻ: ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ആധാർ വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. ഇതുപയോഗിച്ച് ആധാര്‍ നമ്പറോ ബയോമെട്രിക് വിവരങ്ങളോ പങ്കുവെക്കാതെ തിരിച്ചറിയല്‍ സ്ഥിരീകരിക്കാന്‍ ആപ്പിലൂടെ സാധിക്കും.
ക്യു ആര് കോഡ്: യുപിഐ പോലെ ഈസിയായി എന്‍ക്രിപ്റ്റഡ് QR കോഡ് വച്ച് ആധാര്‍ ഐഡന്റിറ്റി സ്ഥിരീകരണം വേഗത്തിലും സുരക്ഷിതമായും സാധ്യമാക്കുന്ന ഫീച്ചറും ആപ്പിലുണ്ട്.
‘ഫാമിലി മാനേജ്മെന്റ്’ ഫീച്ചർ: കുടുംബാംഗങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാം. ഒരു മൊബൈൽ ഫോണിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ ഉൾപ്പെടുത്താനും നിയന്ത്രിക്കാനും സാധിക്കുന്ന ‘ഫാമിലി മാനേജ്മെന്റ്’ ഫീച്ചറിലൂടെയാണ് ഇതിന് സാധിക്കുക.
ബയോമെട്രിക് ലോക്ക് / അണ്‍ലോക്ക്, ഫേസ് ഐഡി പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
