33 വർഷം നീണ്ട ധന്യമായ അധ്യാപന ജീവിതത്തിന് ശേഷം ആരാമ്പ്രം ഗവ: സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ മോഹൻ ദാസ് മാസ്റ്റർ ഈ മാസം അവസാനം സർവീസിൽ നിന്നും വിരമിക്കുന്നു. ഔദ്യോഗിക ജീവിതം ആത്മാർത്ഥത കൊണ്ട് അടയാളപ്പെടുത്തി ഏവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. കോഴിക്കോട് ,മലപ്പുറം ,തിരുവനന്തപുരം ജില്ലകളിലായി ഒൻപത് വിദ്യാലയങ്ങളിൽ വിത്യസത കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ൽ പന്നൂർ ഗവ: ഹൈസ്കൂളിൽ പി.എസ് .സി നിയമനം ലഭിച്ച അദ്ദേഹം 23 വർഷം അവിടെ തന്നെ ജോലി ചെയ്തു.2013 ൽ ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ ലഭിച്ച് ഫറോഖ് കരുവൻ തിരുത്തി ഗവ: എൽ.പി.സ്കൂൾ ,പാറന്നൂർ ഗവ: എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചതിന് ശേഷം 2016ൽ ആരാമ്പ്രം ഗവ:യു .പി .സ്കൂളിൽ ചാർജെടുത്തു.വിദ്യാലയത്തെ ഭൗതികവും അക്കാദമികവുമായി ജില്ലയിൽ തന്നെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിൽ എത്തിക്കാൻ അദ്ദേഹം വിശ്രമമില്ലാതെ അധ്വാനിച്ചു.വിനയവും സ്നേഹവും കലർന്ന പെരുമാറ്റത്തിലൂടെ കുട്ടികളുടെയും സഹപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.വിവിധ സർക്കാർ ഏജൻസികളിൽ നിന്നും മൂന്ന് കോടിയിൽപരം രൂപ സംഘടിപ്പിച്ച് 15 ക്ലാസ് മുറികളുള്ള 2 വിദ്യാലയ ബ്ലോക്കുകൾ പണി പൂർത്തീകരിച്ചു. സബ് ജില്ലയിൽ തന്നെഏറ്റവും മികച്ച സയൻസ് ലാബ് സജ്ജീകരിച്ചത് ആരാമ്പ്രം സ്കൂളിലാണ്.കൂടാതെ ടോയ്ലറ്റ് ബ്ലോക്കുകളും ഡ്രയിനേജ് സംവിധാനവും നവീകരിക്കുകയും പുതിയ സ്കൂൾ കവാടം പണികഴിപ്പിക്കുകയും ചെയ്തു.ശാസ്ത്ര- ഗണിത ശാസ്ത്രമേളകളിലെ തുടർച്ചയായ വിജയത്തോടൊപ്പം സമ്പൂർണ്ണ ഹോംലാബ് സജ്ജീകരിക്കുന്ന ജില്ലയിലെ തന്നെ നാലാമത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന നേട്ടവും സ്വന്തമാക്കി. ഹെസ് മാസ്റ്റർ പദവിയോടൊപ്പം മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെൻ്റിംഗ് ഓഫീസർ പദവിയും നിർവഹിച്ചു.
മടവൂർ ഗ്രാമപഞ്ചായത്തിലെ മടവൂർമുക്ക് സ്വദേശിയായ മോഹൻ ദാസ് മാസ്റ്റർ പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തും നിറസാന്നിധ്യമാണ്. വർഷങ്ങൾക്ക് മുമ്പ് അനുപമ സ്റ്റഡി സർക്കിൾ എന്ന കൂട്ടായ്മ രൂപീകരിച്ച് സൗജന്യ ടൂഷനും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മടവൂർമുക്ക് ദേശ സേ വിനി ഗ്രന്ഥശാലയുടെ ഭാരവാഹിയായിരിക്കെ വിവിധ സാംസ്കാരിക പരിപാടികൾ ഏറ്റെടുത്ത് നടത്തി.1990ലെ ഒന്നാം ഘട്ട സാക്ഷരത പ്രവർത്തനത്തിൽ മാസ്റ്റർ ട്രയിനിയായി സേവനം ചെയ്തിരുന്നു.
ഭാര്യ: ഗീത
മക്കൾ: ആര്യ ( ബി.എ.എം.എസ് വിദ്യാർത്ഥിനി ,ഗവ. ആയുർവേദ കോളേജ് തൃപ്പുണിത്തറ) അർജുൻ (കംപ്യൂട്ടർ സയൻസ് ഡിപ്ലോമ വിദ്യാർത്ഥി ,വെസ്റ്റ്ഹിൽ പോളിടെക്നിക്).
ഏറ്റെടുക്കുന്ന ചുമതലകൾ നിറഞ്ഞ ആത്മാർത്ഥതയോടെ നിർവഹിച്ച് അധ്യാപനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച മോഹൻ ദാസ് മാസ്റ്റർക്ക് കോവിഡ് തീവ്രത അവസാനിച്ച് നിയന്ത്രണങ്ങളിൽ അയവ് വന്നതിന് ശേഷം സമുചിതമായ യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് ആരാമ്പ്രം പ്രദേശവാസികളും രക്ഷിതാക്കളും സഹപ്രവർത്തകരും
