ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിലെ ജോര്‍ജ് തടാകത്തില്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം സ്വദേശിയായ രൂപക് റെഡ്ഡിയാണ് (25) മുങ്ങി മരിച്ചത്.
ഹേഗിലെ സില്‍വര്‍ ബേ വൈ.എം.സി.എയുടെ തീരത്താണ് അപകടം സംഭവിച്ചതെന്ന് വാറന്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. എട്ടു മാസം മുമ്പാണ് റെഡ്ഡി പെന്‍സില്‍വാനിയയിലെ ഹാരിസ്ബര്‍ഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയില്‍ എം.എസിന് പഠിക്കാന്‍ യു.എസിലെത്തിയത്.
അദ്ദേഹവും സുഹൃത്തും ചൊവ്വാഴ്ച ജോര്‍ജ്ജ് തടാകത്തില്‍ ബോട്ടിങ്ങിന് പോയപ്പോഴാണ് അപകടം. രൂപക് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും അതില്‍ നിന്ന് ഊര്‍ന്നുപോവുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തു. സംഘത്തിലെ ബാക്കിയുള്ളവരെ മറൈന്‍ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.