ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചാണ് സെമി ഹൈസ്പീഡ് ട്രെയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. പ്രധാനമന്ത്രി തീവണ്ടിയില്‍ യാത്ര നടത്തുകയും ചെയ്തു.2023 ആഗസ്റ്റ് 15-ന് മുൻപ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകൾ സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു തവണ യാത്രചെയ്താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ന്യൂഡൽഹി-വാരാണസി റൂട്ടിലും ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് നിലവിൽ വന്ദേഭാരത് ട്രെയിനുകൾ സ‍ര്‍വ്വീസ് നടത്തുന്നത്.വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി ആധുനിക തീവണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്സ്. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള നവീന സാങ്കേതിക വിദ്യയായ കവാച്ച് അടക്കമുള്ള സുരക്ഷ സംവിധാനകൾ ഈ ട്രെയിനിലുണ്ട്.

ഇന്ന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും നാളെ മുതലാവും ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ റെഗുല‍ര്‍ സര്‍വ്വീസ് ആരംഭിക്കുക.മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗത്തില്‍ ഓടുന്നതാണ് വന്ദേഭാരത് ട്രെയിനുകള്‍. 52 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗം നേടും. സ്വയം പ്രവര്‍ത്തിക്കുന്ന വാതില്‍, ജിപിഎസ് അധിഷ്ഠിത സംവിധാനം, വൈഫൈ, ചാരിക്കിടക്കാവുന്ന ഇരിപ്പിടം, എക്‌സിക്യുട്ടീവ് ക്ലാസില്‍ കറക്കാവുന്ന കസേര, എല്ലാ കോച്ചിലും പാന്‍ട്രി, നോണ്‍ ടച്ച് ടോയ്‌ലറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ ട്രെയിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *