കാബൂൾ: അഫ്ഗാനിസ്ഥാൻ തലാസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 27 പേരുടെ നില അതീവ ഗുരുതരവുമാണ്. പരീക്ഷക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥികളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പടിഞ്ഞാറൻ കാബൂളിലെ ദഷ് ഇ ബർച്ചി എന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ന്യൂനപക്ഷമായ ഹസാര സമുദായം താമസിക്കുന്ന, ഷിയാ മുസ്ലീങ്ങൾ കൂടുതലുളള സ്ഥലമാണിത്. കൂടാതെ അഫ്ഗാനിലെ ധാരാളം സ്‌ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുളള സ്ഥലമാണിത്.

സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദൾ നാഫി ഠാക്കൂർ അറിയിച്ചു. താലിബാൻ കഴിഞ്ഞ വർഷം അധികാരത്തിൽ എത്തിയ ശേഷം അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിന് അവസാനമാവുകയും അതോടൊപ്പം അക്രമത്തിന് ഗണ്യമായ കുറവുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഇസ്ലാമിസ്റ്റ് ഭീകരരുടെ നേതൃത്വത്തിൽ സുരക്ഷാ ഭീഷണികൾ ഉയർന്നുവന്നിരുന്നു.

സ്‌ഫോടനം നടന്ന അഫ്ഗാന്റെ പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്നവരിൽ പലരും ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻകാല ആക്രമണങ്ങളിൽ ഇരയായിരുന്ന ഹസാര ജനതയാണ്. സ്‌കൂളുകളെയും, കുട്ടികളെയും, സ്ത്രീകളെയും ലക്ഷ്യം വെച്ചുകൊണ്ട് നിരവധി ആക്രമണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിലെത്തുന്നതിന് മുൻപ് ദഷ് ഇ ബർച്ചി പ്രദേശത്ത് സ്‌ഫോടനമുണ്ടാവുകയും 85 ആളുകൾ കൊല്ലപ്പെടുകയും 300ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇതിൽ കൂടുതലും വിദ്യാർത്ഥിനികളായിരുന്നു. ഒരു തീവ്രവാത ഗ്രൂപ്പുകളും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാൽ ഒരു വർഷം മുൻപ് അതേ പ്രദേശത്ത് 24 പേർ കൊല്ലപ്പെട്ട ഒരു ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. 2020 മെയ് മാസത്തിൽ സമീപ പ്രദേശത്ത് നടന്ന ഒരു ഭീകരാക്രമണത്തിൽ 25ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ഏപ്രിലിൽ രണ്ട് സ്‌കൂളുകളിൽ നടന്ന ഭീകരാക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *