സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബ്രാഞ്ച് എന്ന വ്യാജേന പ്രവർത്തിച്ച തട്ടിപ്പ് സ്ഥാപനം പൊലീസ് പൂട്ടിച്ചു. മൂന്ന് പേർക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം.സെപ്റ്റംബർ 18 നാണ് ഒരു വാടക കെട്ടിടത്തിൽ എസ് ബി ഐയുടെ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ച് വ്യാജ ബാങ്ക് ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പരാതി നൽകി. തുടർന്ന് കോർബയിലെ എസ്ബിഐയുടെ റീജ്യണൽ ഓഫീസിൽ നിന്നുള്ള സംഘം ബ്രാഞ്ച് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ബാങ്ക് അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തി. അഞ്ച് ജീവനക്കാർ വ്യാജ ശാഖയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അഭിമുഖ പരീക്ഷ നടത്തിയാണ് തങ്ങളെ നിയമിച്ചതെന്ന് അവർ അവകാശപ്പെട്ടു. വ്യാജ ബ്രാഞ്ചിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് ശക്തി അഡീഷണൽ പൊലീസ് സൂപ്രണ്ട് രമാ പട്ടേൽ പറഞ്ഞു പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.മൽഖരൗദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛപ്പോര ഗ്രാമത്തിലാണ് വ്യാജ ബ്രാഞ്ച് പ്രവർത്തിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മാനേജർ എന്ന് അവകാശപ്പെടുന്ന ഒരാൾ ഉൾപ്പെടെ മൂന്ന് ഓപ്പറേറ്റർമാർക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബി എൻ എസ്) പ്രകാരം കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എത്ര പേർ വ്യാജ ബ്രാഞ്ചിൽ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും എത്ര പേർ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പൊലീസ് പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *