ചെന്നൈ: കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകള്‍ നശിപ്പിച്ച നിലയിൽ. വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്. കരൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. ‘വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍ക്കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകൾ കരൂരില്‍ സ്ഥാപിച്ചിരുന്നു. ഈ പോസ്റ്ററുകളാണ് നശിപ്പിച്ചത്. തമിഴ്‌നാട് സ്റ്റുഡന്റ്‌സ് യൂണിയൻ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്.
കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി.
