കോഴിക്കോട്: ചേവായൂർ മേഖല കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയ പ്രതി അഖിലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ തൊണ്ടിമുതലുകൾ കണ്ടെത്തി. 38 പവൻ സ്വർണവും, മൂന്ന് ലക്ഷം രൂപയും, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി.

കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണം കവർന്ന കേസ് ഉൾപ്പെടെ, കക്കോടി, എലത്തൂർ ഭാഗങ്ങളിൽ ചെറുതും വലുതുമായി പതിനഞ്ചോളം മോഷണങ്ങളാണ് അഖിൽ നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മോഷണ മുതലുകൾ കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ 38 പവൻ സ്വർണം, മൂന്ന് ലക്ഷം രൂപ, കൂടാതെ ഡിജിറ്റൽ ക്യാമറ, ആപ്പിൾ ഹെഡ്സെറ്റ്, ലാപ് ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടുന്നു. മോഷ്ടിച്ച തുക ഉപയോഗിച്ചാണ് ലാപ് ടോപ് വാങ്ങിയതെന്ന് അഖിൽ മൊഴി നൽകി. പത്ത് വിദേശമദ്യക്കുപ്പികളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കക്കോടിയിലും എലത്തൂരിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണം. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് അഖിലിനെ പോലീസ് പിടികൂടിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം, ചേവരമ്പലത്തെ ഡോക്ടറുടെ വീട്ടിൽ കയറി 40 പവൻ സ്വർണം കവർന്ന കേസിൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇതര സംസ്ഥാനക്കാരനാണ് ഈ മോഷണം നടത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *