ബെംഗളൂരു: സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും ഫേസ്ബുക്ക് സുഹൃത്ത് തട്ടിയെടുത്തത് 17 ലക്ഷം രൂപ. സ്വരൂപ് ഗൗഡ എന്ന യുവാവാണ് സംഭവത്തിൽ പ്രതി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2022-ലാണ് യുവതി ഫേസ്ബുക്ക് വഴി ഗൗഡയെ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ സൗഹൃദം വളർന്ന് ഇരുവരും നേരിട്ട് കാണുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഒരു കോടതി കേസ് കാരണം താൻ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഗൗഡ യുവതിയെ വിശ്വസിപ്പിച്ച് ആദ്യം 4.42 ലക്ഷം രൂപ കൈപ്പറ്റി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവതി വിസമ്മതിച്ചു. ഇതോടെയാണ് സ്വകാര്യ വീഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഭീഷണി ഭയന്ന് യുവതിക്ക് 12.82 ലക്ഷം രൂപ കൂടി നൽകേണ്ടി വന്നു.
പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ ഫോണിൽ ബ്ലോക്ക് ചെയ്യുകയും നേരിൽ കണ്ടപ്പോൾ പരസ്യമായി മർദ്ദിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനുശേഷം, ഗൗഡയുടെ കൂട്ടാളികൾ യുവതിയെ കണ്ട് ഒത്തുതീർപ്പായി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും, പോലീസിൽ പരാതി നൽകിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വഞ്ചന, പീഡനം, ഭീഷണി, ആക്രമണം എന്നീ കുറ്റങ്ങൾക്ക് പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
