തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്ക് അജ്ഞാതരുടെ കുത്തേറ്റു. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന സമയത്താണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് മർദിച്ചു. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മീഷണർ എൻ ശ്വേത പിടിഐയോട് പറഞ്ഞു.
