മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ആൾ ദൈവം സാധു കാളീചരൺ മഹാരാജിനെ ഖജുരാവോയിൽ നിന്ന് ഛത്തീസ്‌ ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകീട്ട് റായ് പൂരിൽ എത്തിക്കും
റായ്പൂരിൽ നടന്ന ധർമ്മസൻസദിനിലായിരുന്നു സാധു കാളീചരൺ മഹാരാജിന്‍റെ വിവാദ പ്രസംഗം.. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു.അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.

പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാൾ തയ്യാറായില്ല . ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്ന് വിവാദ പ്രസ്താവനയില്‍ കേസ് എടുത്തതിന് പിന്നാലെ സാധു കാളീചരൺ മഹാരാജ് വിശദമാക്കി.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ രംഗത്തെത്തി . പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നില്ലെങ്കില്‍ ധൈര്യമുള്ളയാളായി സാധു കാളീചരൺ മഹാരാജ് പൊലീസിന് കീഴടങ്ങണമെന്ന് ഭൂപേഷ് ഭാഗല്‍ ആവശ്യപ്പെട്ടിരുന്നു.

ധരം സൻസദിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ തന്‍റെ പുതിയ പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചുവെന്നും, ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നും ഇയാള്‍ ചോദിച്ചു . ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ഞാന്‍ വിളിക്കില്ലെന്നും ഗാന്ധിയുടേയും നെഹ്റുവിന്‍റേയും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഇയാള്‍ അഭിപ്രായപ്പെട്ടു .

സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, സുഭാഷ് ചന്ദ്ര ബോസിനേപ്പോലുളളവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ലേയെന്നും ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നുമാണ് സാധു കാളീചരൺ മഹാരാജ് അഭിപ്രായപ്പെടുന്നത്.

ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യ പാക് വിഭജനത്തിനിടെ കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ സമാധാനത്തിനെതിരെ ആയിരുന്നു ഗാന്ധിയുടെ സമരമെന്നും ഇയാള്‍ പറയുന്നു. സത്യം പറഞ്ഞതിന്‍റെ പേരില്‍ മരണം സ്വീകരിക്കേണ്ടി വന്നാലും ഗാന്ധിയെ വെറുക്കുന്നതില്‍ ഖേദിക്കില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *