കൊച്ചി: റെക്കോർഡ് ഉയരങ്ങളിൽ നിന്ന് കിതച്ചു താഴേക്ക് വീണ് സ്വർണ്ണവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഉണ്ടായ കുതിച്ചുചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിൽ, ഇപ്പോൾ തുടർച്ചയായി രേഖപ്പെടുത്തുന്ന വിലയിടിവ് ആശ്വാസമായി മാറുകയാണ്. ഇന്ന് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ കുറഞ്ഞ് വില 99,880 രൂപയിലേക്ക് താഴ്ന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ തുടർന്ന സ്വർണ്ണവില വീണ്ടും താഴേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 12,485 രൂപയാണ് നിരക്ക്. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 12,765 രൂപയിൽ നിന്നാണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ഡിസംബർ 23-ലെ സർവ്വകാല റെക്കോർഡുകൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഇന്നലെ (ഡിസംബർ 29) രാവിലെ പവന് 520 രൂപ കുറഞ്ഞ വിപണിയിൽ വൈകുന്നേരത്തോടെ വീണ്ടും 1800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് കേരളത്തിലെ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. അതേസമയം സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും മാറ്റങ്ങളുണ്ട്. ഇന്ന് ഗ്രാമിന് 258 രൂപയും കിലോയ്ക്ക് 2,58,000 രൂപയുമാണ് വെള്ളിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
