വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ (AFSPA ) നിയമത്തിന്റെ പരിധി കുറയ്ക്കുന്നതിന്റെ മുന്നോടിയായി മണിപ്പൂർ, നാഗാലാൻഡ് , ആസാം എന്നിവിടങ്ങളിലെ ഏതാനും പ്രദേശത്ത് നിയമം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, നാഗാലാന്‍ഡ്, അസം, മണിപുര്‍ എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചു’, അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു .

വിഘടനവാദത്തില്‍ കുറവ് വരികയും സുരക്ഷാസ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനാമെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന്‍കീഴില്‍ നടന്ന , കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളും നിരവധി കരാറുകളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി വടക്കുകിഴക്കന്‍ മേഖലകളെ അവഗണിക്കുകയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവിടം സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂര്‍വമായ വികസനത്തിന്റെയും യുഗത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്നും പ്രദേശത്തെ ജനങ്ങളെ അഭനന്ദിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.

ഈ സംസ്ഥാനങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിയമം പിൻവലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഏതൊക്കെ പ്രദേശങ്ങളാണെന്ന് വ്യക്തമായിട്ടില്ല.

പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് പതിറ്റാണ്ടുകളായി നിരവധി സംഘടനകള്‍ ആവശ്യമുന്നയിച്ചുവരികയായിരുന്നു. ഈ പ്രദേശങ്ങളില്‍ നിയമത്തിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായും ഉത്തരാവദികളായ ഉദ്യോഗസ്ഥര്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *