മലപ്പുറം: പൊന്നാനിയിൽ ദേശീയപാതയിലെ സർവീസ് റോഡിൽ രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു. പള്ളപ്രം സ്വദേശി മുഹമ്മദ് അസ്ലം (19), തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകന്‍ അന്‍സിഫ് (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൊന്നാനി ബാർളി കുളത്തിന് സമീപം രാത്രിയിലായിരുന്നു അപകടം. എതിർദിശകളിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട രണ്ട് ബൈക്കുകളിലായി ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ പള്ളപ്രം സ്വദേശിയായ അൻഷി എന്ന യുവാവ് ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അസ്ലം പൊന്നാനി എം.ഐ ബോയ്‌സ് സ്‌കൂളിലെയും അൻസിഫ് പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
