കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത്. ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന രീതി പാടില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു.

അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

അങ്ങനെ എങ്കില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 താല്‍പ്പര്യപ്പെടുന്നത്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *