താമരശ്ശേരി: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌ക്കരണ പ്ലാൻ്റ് ഇന്ന് തുറക്കില്ല. പൊലീസ് സംരക്ഷണം ആവശ്യമെന്ന് കമ്പനി മാനേജ്മെൻ്റ് അറിയിച്ചു. കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അനുമതി നൽകിയിരുന്നു. ഇന്നലെ അറവ് മാലിന്യ സംസ്‌ക്കരണ പ്ലാൻ്റ് തുറക്കുമെനന്നയിരുന്നു പുറത്ത് വന്ന വാർത്തകൾ. അതേസമയം അറവ് മാലിന്യ സംസ്‌ക്കരണ പ്ലാൻ്റ് തുറന്നാൽ സമരം പുനരാരംഭിക്കുമെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നൽകിയത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി ഒഴിവാക്കണം. പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം.സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തും തുടങിയ ഉപാധികളാണ് ജില്ലാ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി മുന്നോട്ട് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *