ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സയിലും പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. കായചികിത്സാ വിഭാഗത്തിലേക്ക് ജനുവരി ആറിന് രാവിലെ 11നും പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലേക്ക് ഏഴിന് രാവിലെ 11നും ഇന്റർവ്യൂ നടക്കും.
പെൻഷൻ തുക വർദ്ധിപ്പിച്ചു
മറ്റു പെൻഷനുകൾ ഒന്നും ലഭിക്കാത്ത 60 വയസ് കഴിഞ്ഞ പരമ്പരാഗത വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട (മരം/ഇരുമ്പ്/കല്ലാശാരിമാർ, സ്വർണ്ണപ്പണിക്കാർ, മൂശാരികൾ) തൊഴിലാളികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ തുക 1300 രൂപയിൽ നിന്ന് 1400 രൂപയായി വർദ്ധിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവായി.
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരിയിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്(റിട്ട)എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ വളപ്പിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും.
പാലക്കാട് ജില്ലയിലെ സിറ്റിംഗ് പാലക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ 11, 12 തിയതികളിലും കോഴിക്കോട് ജില്ലയിലേത് കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 20നും നടക്കും.
കാസർഗോഡ് ജില്ലയിലെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ 25നും ആലപ്പുഴ ജില്ലയിലെ സിറ്റിംഗ് ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ 25നും ഇടുക്കി ജില്ലയിലെ സിറ്റിംഗ് പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 27, 28 തിയതികളിലും നടക്കും.
രാവിലെ പത്ത് മണി മുതൽ സിറ്റിംഗ് ആരംഭിക്കും.
ഈ തിയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ (35700-75600) തസ്തികയിൽ കണ്ണൂരിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷിക്കാം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ്, ചെറുന്നിയൂർ ടവേഴ്‌സ്, ഒന്നാംനില, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35.
നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം
വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ (ശമ്പള സ്‌കെയിൽ 68700-110400)/ ജോയിന്റ് ഡയറക്ടർ (ശമ്പള സ്‌കെയിൽ 55350-101400) തസ്തികയിലുള്ളവരിൽ നിന്നും തത്തുല്യമായ തസ്തികയിൽ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണിക്കുന്നതിന് മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകർക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതുനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകൾ/ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും പെൺകുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും പത്ത് വർഷത്തെ പരിചയം വേണം.
നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളതും പദ്ധതി നിർവഹണ രംഗത്ത് 15 വർഷത്തിലധികം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകൾക്ക് കരാർ നിയമനത്തിനായി അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗസ്ഥർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കണം.
കരാർ നിയമനത്തിനുള്ള അപേക്ഷയിൽ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, സേവനപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം ലഭ്യമാക്കണം.
ഭക്ഷ്യസുരക്ഷാ ലൈസൻസിനും രജിസ്‌ട്രേഷനും ഓൺലൈനായി അപേക്ഷിക്കണം
ഭക്ഷ്യസംരംഭകർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായി ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. ഇതിനായി ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഫോസ്‌കോസിൽ ഓൺലൈനായി അപേക്ഷിച്ച് നിശ്ചിത തുക ഫീസായി അടയ്ക്കണം. ഭക്ഷ്യസംരംഭകർക്ക് അവർ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റുകൾ സ്വയം ഡൗൺലോഡ് ചെയ്യാം.
വാർഷിക വിറ്റുവരവ് 12 ലക്ഷത്തിൽ താഴെയുള്ള സംരംഭകർക്ക് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനും 12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സംരംഭകർക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ലൈസൻസുമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.