രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നൽകുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഉത്തരവു നൽകാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി കുടുംബകോടതി വിധി റദ്ദാക്കി.
”മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ട്, എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല”- കോടതി ചൂണ്ടിക്കാട്ടി.
രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിച്ച യുവതിയെ തിരികെ ഭർതൃവീട്ടിൽ അയക്കണമെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മറ്റൊരു സ്ത്രീക്കൊപ്പം രണ്ടാം ഭാര്യയായി കഴിയാൻ ഭാര്യയെ നിർബന്ധിക്കുന്നതിന് ഭർത്താവിന് അവകാശമില്ല എന്നും കോടതി പറഞ്ഞു.

2010ലാണ് ഹർജിക്കാരി വിവാഹിതയായത്. 2015ൽ ഇവർക്ക് കുഞ്ഞ് പിറന്നു. നഴ്സ് ആയിരുന്ന യുവതിയെ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ വീട്ടുകാർ നിർബന്ധിച്ചു. ഇതിനിടെ ഭർത്താവ് വീണ്ടും വിവാഹിതനായി. ഇതേ തുടർന്ന് യുവതി കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇതു ചോദ്യം ചെയ്താണ് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *