തൈകള്‍ വില്‍പനയ്ക്ക്

വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നാടന്‍ തെങ്ങ്, കമുക്, അവോക്കാഡോ, ആത്തച്ചക്ക, കൊക്കോ, പേര, മാവ്, ചാമ്പ, പനീര്‍ചാമ്പ, പാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍, സപ്പോട്ട, ചെറി, മംഗോസ്റ്റീന്‍, ചെറുനാരകം, മാതളം, കുരുമുളക് (പന്നിയൂര്‍1), സര്‍വ്വസുഗന്ധി, ജാതി, ആര്യ വേപ്പ്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു എന്നിവയുടെ തൈകളും, പച്ചക്കറി വിത്തുകള്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ബ്യുവേറിയ, ലേക്കനിസിലിയം, ട്രൈക്കോ കേക്ക് മുതലായവയും വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും വില്‍പനയ്ക്ക് തയ്യാറാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2935850.

സംരംഭകത്വ വികസന പരിശീലന പരിപാടി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുതുതായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്കായി 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി 2022 ജനുവരി 13 മുതല്‍ 31 വരെ കോഴിക്കോട് ഹോട്ടല്‍ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ 2022 ജനുവരി ആറിനുള്ളില്‍ കോഴിക്കോട് ഗാന്ധിറോഡിലുള്ള താലൂക്ക് വ്യവസായ ഓഫീസില്‍ നേരിട്ടോ ഫോണ്‍ നമ്പറുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2766036,9961511542

ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി,പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിനു അര്‍ഹതയുളളു. അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്സില്‍ 60 ശതമാനത്തിലും കോമേഴ്സില്‍ 70 ശതമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2022 ജനുവരി 10 വൈകീട്ട് മൂന്ന് മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

ഡിമൈസ്ഗ്രാന്റ് വിതരണം

വിമുക്തഭടന്മാരുടെ മരണശേഷം അതത് റെക്കോര്‍ഡ് ഓഫീസുകളില്‍നിന്നും നല്‍കി വന്നിരുന്ന ഡിമൈസ്ഗ്രാന്റ് 2021 ഓഗസ്റ്റ് 15 മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വിമുക്തഭടന്മാരുടെ/ആശ്രിതരുടെ ബന്ധപ്പെട്ട യു.ആര്‍.സി മുഖേനയോ അല്ലെങ്കില്‍ സ്റ്റേഷന്‍ സെല്‍ മുഖേനയോ പ്രസ്തുത ഗ്രാന്റ് തുടര്‍ന്ന് വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിമുക്തഭടന്മാര്‍/ആശ്രിതര്‍ തങ്ങളുടെ സ്റ്റേഷന്‍ സെല്‍ അല്ലെങ്കില്‍ അടുത്തുള്ള യു.ആര്‍.സി യുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു

ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാരെ എച്ച്.ഐ.വി എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിശീലന പരിപാടി ആരംഭിച്ചു. കോഴിക്കോട് ക്ഷയരോഗ കേന്ദ്രത്തില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ഡിസംബര്‍ 31 നു ആരംഭിച്ചു ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുമായി അമ്പതു പേര്‍ വീതമുള്ള ബാച്ചുകളായാണ് പരിശീലനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരിപാടിയില്‍ എച്ച്.ഐ.വി എയ്ഡ്‌സ് അടിസ്ഥാന വിവരങ്ങള്‍, എച്ച്.ഐ.വി, ടിബി രോഗപകര്‍ച്ച, എച്ച്.ഐ.വി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പങ്ക് എന്നീ വിഷയങ്ങളിലാണ് പരിശീലനം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി പ്രമോദ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് ജില്ലാ അസിസ്റ്റന്റ് എന്‍.ടി. പ്രിയേഷ്, ജില്ലാ ടി.ബി ഫോറം പ്രസിഡണ്ട് ശശികുമാര്‍ ചേളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഐ.സി.ടി.സി കൗണ്‍സിലര്‍ റസീന എം, ടി.ബി കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് അബ്ദുല്‍ സലാം കെ.എ, എന്നിവര്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *