തിരുവനന്തപുരം നഗരസഭയിലെ ഇലക്ട്രിക് ബസുകളെച്ചൊല്ലിയുള്ള തർക്കത്തിൽ മേയർക്ക് കടുത്ത മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. നഗരസഭ വാങ്ങിയ 113 ഇലക്ട്രിക് ബസുകളും തിരിച്ചെടുക്കാൻ കെഎസ്ആർടിസി തയ്യാറാണെന്നും ഇതിനായി മേയർ സിഎംഡിക്ക് ഒരു കത്ത് നൽകിയാൽ മാത്രം മതിയെന്നും മന്ത്രി വ്യക്തമാക്കി.
ബസുകൾ തിരികെ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ അവ ഏറ്റെടുക്കുമെന്നും പകരം 150 പുതിയ ബസുകൾ കെഎസ്ആർടിസി നഗരത്തിൽ സർവീസിനായി ഇറക്കുമെന്നും മന്ത്രി വെല്ലുവിളിച്ചു. ഈ ബസുകൾ പൂർണ്ണമായും കേന്ദ്ര പദ്ധതിയിലാണെന്ന വാദം തെറ്റാണെന്നും 60 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സങ്കീർണ്ണമായ അറ്റകുറ്റപ്പണികളാണ് ഈ ബസുകൾക്കുള്ളതെന്നും ഒരു ബാറ്ററി മാറ്റാൻ മാത്രം 28 ലക്ഷം രൂപ ചെലവ് വരുമെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ കെഎസ്ആർടിസിയുടെ ഡ്രൈവർമാരും കണ്ടക്ടർമാരും വർക്ക്ഷോപ്പും ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. ബസുകൾ തിരികെ നൽകി നഗരസഭ സ്വന്തമായി ഓടിക്കാൻ തീരുമാനിച്ചാൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കടുത്ത നിലപാടെടുത്തു. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
