കൊച്ചി: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനങ്ങളെ ഭയപ്പെട്ടുവേണം പ്രവർത്തിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) നൽകിയ സ്വീകരണ പരിപാടി കൊച്ചി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ട് ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ എന്നീ എംപിമാരും കെ. ബാബു, റോജി എം. ജോൺ, ഉമാ തോമസ്, എൽദോസ് കുന്നപ്പിള്ളിൽ എന്നീ എംഎൽഎമാരും പങ്കെടുത്തു. കെപിസിസി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, ജെയ്‌സൺ ജോസഫ്, എൻ. സുബ്രഹ്മണ്യൻ, ബി.എ. അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ഇവരെ കൂടാതെ ടോണി ചമ്മിണി, സുനിലാ സിബി, കെ.പി. ധനപാലൻ, അജയ് തറയിൽ, ടി.എം. സക്കീർ ഹുസൈൻ, കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
